ആമുഖം
ബഹുമാന്യരെ,
ഭരണരംഗം മുന്കാലങ്ങളെ അപേക്ഷിച്ച് കൂടുതല് സുതാര്യവും ജനപങ്കാളിത്തം കൊണ്ട് സമൃദ്ധവുമായ ഈ കാലഘട്ടത്തില്, ഇന്ത്യ മഹാരാജ്യത്ത് വിപ്ലവാത്മക നിയമഭേദഗതിയായി കരുതപ്പെടുന്ന 2005 ലെ വിവരാവകാശനിയമം പ്രാബല്യത്തില് വരുന്നതിന് ഒരു ശതകം മുന്പ്തന്നെ പഞ്ചായത്ത് രാജ് നിയമത്തിലെ 271 ബി വകുപ്പ് പ്രകാരം അറിയാനുള്ള അവകാശം കേരള പഞ്ചായത്ത് രാജ് നിയമത്തില് അനുശാസിക്കപ്പെട്ടിരുന്നതാണ്. പ്രസ്തുത നിയമത്തിന്റേയും അതിനനുസൃതമായി രൂപീകരിച്ച പൗരാവകാശചട്ടങ്ങളുടേയും അന്തസത്തക്കനുസൃതമായി പൗരാവകാശ രേഖ 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 272 എ വകുപ്പ് പ്രകാരം കാലാനുസൃതമായി പരിഷ്ക്കരിച്ച് പ്രസിദ്ധപ്പെടുത്തുകയാണ്.
ദേശീയഗ്രാമീണ തൊഴിലുറപ്പ് നിയമം, വിവരാവകാശനിയമം, കെട്ടിടനിര്മ്മാണ ചട്ടങ്ങള്, പൊതുവിവാഹ രജിസ്ട്രേഷന് ചട്ടങ്ങള്, 2012 ല് നിലവില്വന്ന സേവനാവകാശനിയമം മുതലായവയെക്കുറിച്ചുള്ള വിവരങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ടാണ് ഈ രേഖ തയ്യാറാക്കിയിട്ടുള്ളത്.
ഭരണരംഗത്തെ കാര്യക്ഷമത വര്ദ്ധിപ്പിക്കുന്നതിനും പഞ്ചായത്തുമായി ബന്ധപ്പെടുന്ന പൊതുജനത്തിന് സമയബന്ധിതമായി സുതാര്യമായി സേവനങ്ങള് നല്കുന്നതിനും ആയതിലൂടെ സുഗമമായ ഒരു ജനപക്ഷസമീപനം പഞ്ചായത്തിലെ ജീവനക്കാരുടേയും ജനപ്രതിനിധികളുടേയും ഭാഗത്തുനിന്നുണ്ടാകുന്നതിനും ഈ രേഖ സഹായകമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്ഷവും കാലികമായി പുതുക്കിയ പൗരാവകാശ രേഖ എളവള്ളി ഗ്രാമപഞ്ചായത്തിലെ ജനങ്ങള്ക്കായി പ്രസിദ്ധപ്പെടുത്തിയത്.